'ലാല്‍ സിംഗ് ഛദ്ദ'; ചര്‍ച്ചകള്‍ കൊഴുക്കുന്നു: കയ്യടിച്ചും ട്രോളിയും സൈബര്‍ലോകം
 



2022ല്‍ സിനിമാലോകം ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രം. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള ആമിര്‍ ഖാന്‍ സിനിമ. മറ്റേതൊരു ആമിര്‍ ചിത്രത്തെയും പോലെ 'ലാല്‍ സിംഗ് ഛദ്ദ'യും ഷൂട്ടിംഗ് തുടങ്ങിയ നാള്‍ മുതല്‍ വാര്‍ത്തകളിലുണ്ട്. ആകാംക്ഷക്ക് വിരാമമിട്ട് ഞായറാഴ്ച ഐപിഎല്‍ ഫൈനലിന്റെ ആവേശത്തിനിടെ ആയിരുന്നു ട്രെയിലറെത്തിയത്. പിന്നാലെ സിനിമാസ്വാദകര്‍ രണ്ട് തട്ടിലായി. വരാനിരിക്കുന്ന വിസ്മയമെന്ന് പറഞ്ഞ് ട്രെയിലറിനും ആമിറിനും ഒരു വിഭാഗം കയ്യടിക്കുമ്പോള്‍ സൂപ്പര്‍താരത്തെ കടന്നാക്രമിക്കുകയാണ് കൂടുതല്‍പേരും (Lal Singh Chaddha).

1994ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. ടോം ഹാങ്ക്‌സിനെ നായകനാക്കി റോബര്‍ട്ട് സിമേക്കിസ് സംവിധാനം ചെയ്ത ചിത്രത്തിന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആരാധകര്‍ ഏറെ. ഒറിജിനല്‍ റീമേക്കിനോടും ഹാങ്ക്‌സിനോടും താരതമ്യപ്പെടുത്തിയാണ് ആമിറിനെ ട്രോളുന്നത്. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന 'ഫോറസ്റ്റ് ഗമ്പി'ന്റെ ജീവിതയാത്ര ആണ് സിനിമ പറയുന്നത്. സിനിമയില്‍ കണ്ട ഹാങ്ക്‌സിന്റെ ശരീരഭാഷയുമായി ആമിറിനെ താരതമ്യം ചെയ്യാന്‍ പോലും കഴിയുന്നില്ലെന്ന് ഒരു പക്ഷം. 'ധൂം 3'യിലും 'പികെ'യിലും '3 ഇഡിയറ്റ്‌സി'ലും കണ്ട ഭാവപ്രകടനങ്ങള്‍ പുതിയ ചിത്രത്തിലും അതേപടി പകര്‍ത്തിയെന്ന് മറ്റൊരു കൂട്ടര്‍.കഥാപാത്രത്തിന്റെ സന്പൂര്‍ണതയ്ക്കായി ഹാങ്ക്‌സ് കാണിച്ച കയ്യടക്കം , മറ്റൊരാള്‍ക്കും അനുകരിക്കാന്‍ ആകില്ലെന്ന് പറയുന്നു 'ഫോറസ് ഗമ്പ്' ആരാധകരില്‍ ഏറെയും. 'ലാല്‍ സിംഗ് ഛദ്ദ'യെ ഒഴിവാക്കി ആമസോണ്‍ പ്രൈം വഴി 'ഫോറസ്റ്റ് ഗമ്പ്' കാണാന്‍ ശുപാര്‍ശ ചെയ്യുന്നവരും ഉണ്ട്.


എന്നാല്‍ സിനിമ ഇറങ്ങും മുന്‍പുള്ള അത്തരം വിലയിരുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് നിഷ്പക്ഷരായ ആസ്വാദകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഹാങ്ക്‌സുമായുള്ള താരതമ്യത്തിലും തീരുന്നില്ല വിമര്‍ശനങ്ങള്‍. ആമിറിന്റെ പഴയ വിവാദപരാമര്‍ശങ്ങള്‍, സ്വജനപക്ഷപാതം, ദേശസ്‌നേഹം എന്നിവയെല്ലാം കുത്തിപ്പൊക്കി ആക്രമണം കടുക്കുകയാണ്. ഇന്ത്യയില്‍ അസഹിഷ്ണുത വളരുന്നു എന്ന ആമിറിന്റെ പ്രസ്താവന വരെ പൊടിത്തട്ടിയെടുത്തിട്ടുണ്ട്. സിനിമയിലെ നായിക കരീന കപൂറിനെയും വെറുതെ വിടുന്നില്ല. സുശാന്ത് സിംഗ് രജ്പുതിനെ നടി പണ്ട് പരിഹസിച്ച കഥ ചിലര്‍ ആയുധമാക്കുന്നു. ബോയ്‌കോട്ട് ബോളിവുഡ്, ബോയ്‌കോട്ട് ലാല്‍ സിംഗ് ഛദ്ദ എന്ന ആഹ്വാനവുമായി ട്വിറ്ററില്‍ ഹാഷ് ടാഗ് പ്രചാരണവും ശക്തമായിട്ടുണ്ട്. വിമര്‍ശകര്‍ക്കുള്ള മറുപടി സിനിമ പുറത്തിറങ്ങുമ്പോള്‍ കിട്ടുമെന്നാണ് ആമിര്‍ ആരാധകരുടെ പക്ഷം. മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റിന്റെ സമീപകാലത്തെ ഏറ്റവും മികച്ച വേഷമാകും 'ഛദ്ദ'യെന്ന് അണിയറ പ്രവര്‍ത്തകരും ഉറപ്പുനല്‍കുന്നു.

അതുല്‍ കുല്‍ക്കര്‍ണിയുടെ തിരക്കഥയില്‍അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 11നാണ് തീരുമാനിച്ചിരിക്കുന്നത്. ട്രെയിലര്‍ ഒരു ദിവസം കൊണ്ട് തന്നെ മൂന്ന് കോടിക്ക് മേല്‍ കാഴ്ചക്കാരെ യൂട്യൂബില്‍ നേടിക്കഴിഞ്ഞു. ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിലറില്‍ കേരളത്തിന്റെ സ്വന്തം ജടായുപാറയും  ഇടം നേടിയിരുന്നു.

Related Posts

0 Comments

Leave a reply