മിന്നല്‍ മുരളിയെ പുകഴ്ത്തി വെങ്കട് പ്രഭു


ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളിയെ പുകഴ്ത്തി തമിഴ് സംവിധായകന്‍ വെങ്കട് പ്രഭു. ഗുരു സോമസുന്ദരത്തെ പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം മാര്‍വല്‍ സ്റ്റുഡിയോസോ ഡിസി കോമിക്‌സോ മിന്നല്‍ മുരളിയുമായി സഹകരിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വെങ്കട് പ്രഭു രംഗത്തെത്തിയത്.  

'മിന്നല്‍ മുരളി! നിങ്ങളെ നമിക്കുന്നു. എത്ര ഗംഭീരമായ ലോക്കല്‍ സൂപ്പര്‍ ഹീറോ സിനിമ! ഗുരു സോമസുന്ദരം, നിങ്ങള്‍ വേറെ ലെവല്‍. മാര്‍വെല്‍ സ്റ്റുഡിയോസോ, ഡിസി കോമിക്സോ ഉടന്‍ നിങ്ങള്‍ക്കൊപ്പം സഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മിന്നല്‍ മുരളി അഭിമാനമാണ്'- വെങ്കിട്ട് പ്രഭു ട്വീറ്റ് ചെയ്തു.


മിന്നല്‍ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍ പറഞ്ഞിരുന്നു. കുറേക്കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോള്‍ പറഞ്ഞു. അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ട് എന്നും സോഫിയ പോള്‍ പ്രതികരിച്ചു.സൂപ്പര്‍ ഹീറോ സിനിമയായി നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. മിന്നലടിച്ച് ഒരു തയ്യല്‍ക്കാരന് അമാനുഷിക ശക്തി ലഭിക്കുന്നതും അതേ തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.

'ഗോദ' എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാന്‍. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് വ്‌ളാഡ് റിംബര്‍ഗാണ്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, മാമുക്കോയ, ബിജുക്കുട്ടന്‍, ഫെമിന ജോര്‍ജ്, സ്‌നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Related Posts

0 Comments

Leave a reply