പ്രേക്ഷക ശ്രദ്ധ നേടി  ദി എക്‌സ്‌പെയറി ഡേറ്റ് ഓഫ് ലവ് 



മനുഷ്യര്‍ക്കിടയിലുള്ള സ്‌നേഹത്തിന് ഒരു കാലാവധി ഉണ്ടോ? ഈ ചോദ്യം ചോദിച്ചുകൊണ്ട് കഥ പറയുന്ന ഒരു ഹ്രസ്വചിത്രം പ്രേക്ഷകശ്രദ്ധ നേടുകയാണ്. നേഹ ഖയാല്‍ സംവിധാനം ചെയ്തിരിക്കുന്ന ദി എക്‌സ്പയറി ഡേറ്റ് ഓഫ് ലവ് എന്ന ചിത്രം എംഎല്‍എയും നടനുമായ കെ ബി ഗണേഷ് കുമാറിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തിരുവോണദിനത്തിലാണ് റിലീസ് ചെയ്യപ്പെട്ടത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ സുരേഷ് ഗോപിയാണ് പുറത്തിറക്കിയത്. 

പ്രശസ്ത സംവിധായകന്‍ ജോഷിയുടെ സഹസംവിധായിക ആയിരുന്ന നേഹ ഖയാല്‍ മലയാള സിനിമയില്‍ ഗാനങ്ങളും ഹിന്ദുസ്ഥാനി സംഗീതത്തിന് വേണ്ടി നിരവധി ഖയാലുകളും രചിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീത രാഗ ഗ്രന്ഥങ്ങളായ സംഗീത് ബഹാര്‍, രാഗ് ബഹാര്‍ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് നേഹ. ദുബൈ വിഷ്യല്‍ മീഡിയ അസോസിയേറ്റ് ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവാസ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ ഒരു വിദേശ വനിതയുടെ ജീവിതമാണ് ഈ സിനിമയുടെ പ്രചോദനം. ഒരു കാലഘട്ടത്തില്‍ മനുഷ്യത്വപരമായ നന്മയാല്‍ തീര്‍ക്കപ്പെട്ട നിയമങ്ങളും സിദ്ധാന്തങ്ങളും  ആധുനിക കാലത്ത് പിന്തുടരപ്പെടുമ്പോള്‍  അത് കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്നതും സ്ത്രീകള്‍ അതിനെ നോക്കിക്കാണുന്ന മനോഭാവത്തെയും കുറിച്ചുമാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. അനവധി മതങ്ങളും വിശ്യാസങ്ങളും നിലനില്‍ക്കുന്ന ലോകത്ത് എന്തിന്റെ പേരില്‍ ആണെങ്കിലും എക്‌സ്‌പെയറി ആവാതെ കാത്ത് സൂക്ഷിക്കേണ്ട ഒന്നാവട്ടെ സ്‌നേഹം എന്ന്  വിളിച്ചു പറയുന്നതിനോടൊപ്പം നമ്മെ വേണ്ടാത്തവരെ ഓര്‍ത്ത് കരഞ്ഞു തീര്‍ക്കേണ്ട ഒന്നല്ല ജീവിതം എന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു.

മനുഷ്യനാല്‍ നിര്‍മ്മിതമായ നിയമങ്ങള്‍ കാലഘട്ടം അനുസരിച്ചു മാറേണ്ട അനിവാര്യതയും അതില്‍ ഓരോ വ്യക്തികള്‍ക്കുള്ള പങ്കാളിത്തവുമാണ് ഈ ചിത്രം ചൂണ്ടിക്കാട്ടുന്നത്. സംവിധായകനും ഗായകനുമായ ഡോ. ഷമീര്‍ ഒറ്റത്തൈക്കല്‍ പ്രധാന കഥാപാത്രമായി വേഷമിടുന്ന ഈ സിനിമയില്‍ നീരദ ഷീന്‍ നായിക കഥാപാത്രമായി എത്തുന്നു. കൂടാതെ കാജല്‍, സിമിമോള്‍ സേവ്യര്‍, ഡേവിഡ് ഫ്രാന്‍സിസ്, അയന്‍ സാജിദ്, റിദ മിന്ന അല്‍ സാദിഖ് എന്നിവരും അഭിനയിച്ചിരിക്കുന്നു. നേഹ ഖയാല്‍ രചിച്ച സോള്‍ ടു സോള്‍ എന്ന ഗാനത്തിന് സ്റ്റാന്‍ലി ഈണം പകര്‍ന്നിരിക്കുന്നു. ആലപിച്ചിരിക്കുന്നത് ജോയല്‍ ജി ബെന്‍സിയാര്‍ ആണ്. 


 

Related Posts

0 Comments

Leave a reply