ബിഗ് ബോസ് സീസണ്‍ 8 ല്‍ നിന്ന് പിന്മാറി കമല്‍ ഹാസന്‍
 


ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ തമിഴ് പതിപ്പിന്റെ അവതാരക സ്ഥാനത്തുനിന്ന് ഇടവേളയെടുത്ത് ചലച്ചിത്രതാരം കമല്‍ ഹാസന്‍. 2017 ല്‍ ആരംഭിച്ച ആദ്യ സീസണ്‍ മുതല്‍ ഈ വര്‍ഷം ജനുവരിയില്‍ അവസാനിച്ച ഏഴാം സീസണ്‍ വരെ ബിഗ് ബോസ് തമിഴ് പതിപ്പില്‍ കമല്‍ ഹാസന്‍ മാത്രമാണ് അവതാരകനായി എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ പുറക്കിറക്കിയ കത്തിലൂടെയാണ് ആരാധകരെ കമല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എടുക്കുന്നത് താല്‍ക്കാലിക ഇടവേളയാണെന്നും പിന്മാറുന്നത് എട്ടാം സീസണില്‍ നിന്ന് ആണെന്നുമാണ് കുറിപ്പില്‍ കമല്‍ സൂചിപ്പിക്കുന്നത്. 'ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച നമ്മുടെ യാത്രയില്‍ നിന്ന് ഞാന്‍ ഒരു ചെറിയ ഇടവേള എടുക്കുന്ന കാര്യം ഹൃദയഭാരത്തോടെ നിങ്ങളെ അറിയിക്കുകയാണ്. സിനിമാ തിരക്കുകള്‍ കാരണം ബിഗ് ബോസ് തമിഴിന്റെ വരാനിരിക്കുന്ന സീസണില്‍ അവതാരകനായി എത്താന്‍ എനിക്ക് സാധിക്കില്ല', കമല്‍ ഹാസന്‍ കുറിക്കുന്നു. ബിഗ് ബോസ് അവതാരകനെന്ന നിലയില്‍ തനിക്ക് ലഭിച്ച സ്‌നേഹത്തിന് പ്രേക്ഷകര്‍ക്ക് നന്ദി പറയുന്ന കമല്‍ ബിഗ് ബോസ് തനിക്കും വലിയ പഠനാവസരമായിരുന്നെന്നും കുറിക്കുന്നു. 

അതേസമയം കമല്‍ ഹാസന്‍ ഒഴിച്ചിടുന്ന കസേരയിലേക്ക് തമിഴ് സിനിമയില്‍ നിന്ന് ആര് എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേമികള്‍. അതേസമയം കമല്‍ ഹാസന്‍ ഗംഭീരമാക്കിയ തമിഴ് ബിഗ് ബോസിന്റെ അവതാരകനായി മറ്റൊരാളെ കൊണ്ടുവന്ന് സ്വീകാര്യത നേടുക അണിയറക്കാരെ സംബന്ധിച്ച് വെല്ലുവിളിയാണ്. അഭിനേതാവ് എന്ന നിലയില്‍ കാര്യമായ തിരക്കുകളിലാണ് കമല്‍. ഇന്ത്യന്‍ 2 ന് പിന്നാലെ ഇന്ത്യന്‍ 3, മണി രത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താനുണ്ട്. 

Related Posts

0 Comments

Leave a reply