രാജസേനനും ജയറാമും പിണങ്ങിയതെന്തിന് 



നടന്‍ ജയറാമും സംവിധായകന്‍ രാജസേനനും തമ്മിലുള്ള കെമിസ്ട്രി മലയാളം സിനിമ പ്രേമികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. എന്നാല്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഇരുവരും ഇന്ന് ജീവിതത്തില്‍ അത്ര അടുപ്പത്തില്‍ ഇല്ല എന്നതാണ് വാസ്തവം. ജയറാമുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും പിന്നീട് തങ്ങള്‍ക്കിടയില്‍ സംഭവിച്ച അകല്‍ച്ചയെക്കുറിച്ചും ഇപ്പോള്‍ രാജസേനന്‍ പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധേയം ആകുന്നത്.
എട്ടോളം സിനിമകള്‍ ചെയ്തു. അതിനിടയില്‍ ഒരു ഗ്യാപ്പ് വന്നു. ആ സമയത്താണ് ഞാന്‍ ജയറാമിനെ പരിചയപ്പെടുന്നത്. പരിചയപ്പെടുന്നത് വിചിത്രമായിരുന്നു. ഞാന്‍ ചെന്നൈയില്‍ ഉള്ള സമയം, ഒരു നാന വീക്കിലിയിലൂടെയാണ് ഞാന്‍ ജയറാമിനെ ആദ്യം കാണുന്നത് പദ്മരാജന്‍ സാറിന്റെ സിനിമയിലൂടെ വന്ന ജയറാമിനെ കുറിച്ചുവന്ന ലേഖനം ഞാന്‍ വായിച്ചു. അതിന്റെ താഴെ കൊടുത്തിരുന്ന ജയറാമിന്റെ അഡ്ഡ്രസില്‍ ഒരു കത്തെഴുതി. അന്ന് ആനന്ദ് എന്നാണ് വീട്ടുപേര്.

പദ്മരാജന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കാന്‍ എത്തിയ പ്രിയ കലാകാരന്റെ ഭാഗ്യമാണ്. ഒരു ശരാശരി നടനായി മാറിപോകാതെ നല്ല കഥാപാത്രങ്ങള്‍ കിട്ടട്ടെ എന്ന് ആശംസിക്കുന്നു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.ഒരാഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് അതേപോലെ ഒരു മറുപടി. പാവം ക്രൂരന്‍ എന്ന സിനിമയുടെ സംവിധായകന്‍ എന്നെ പ്രോത്സാഹിപ്പിച്ചതിന് നന്ദി നമുക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു ഇത് ദൈവാധീനം ആണെന്ന്. പിന്നെ എന്റെ വിവാഹം ക്ഷണിക്കാന്‍ ആണ് ജയറാമിനെ നേരിട്ട് കാണുന്നത്.

കെട്ടിപ്പിടിച്ചും, കൈ കൊടുത്തും നമ്മള്‍ പരസ്പരം ഓര്‍മ്മകള്‍ പങ്കിട്ടു. ഇതിനിടയില്‍ എന്റെ നാട്ടില്‍ ഒരു നാടക മത്സരത്തിന് സമ്മാനം നല്‍കാന്‍ ഞാന്‍ ജയറാമിനെ കൊണ്ട് പോയി. തിരികെ വരുന്നവഴിക്കാണ് സിനിമ ഒന്നും ചെയ്യണ്ടേ എന്ന് എന്നോട് ചോദിക്കുന്നത്. പുതിയ തലമുറയില്‍ പെട്ട ആളുകളുമായി വലിയ അടുപ്പം എനിക്ക് ഇല്ല എന്നുപറഞ്ഞപ്പോള്‍ ഞാന്‍ ഇല്ലേ എന്നാണ് എന്നോട് ജയറാം ചോദിച്ചത്. അങ്ങനെയാണ് കടിഞ്ഞൂല്‍ കല്യാണം നടക്കുന്നത്. പതിനായിരം രൂപയാണ് ഞാന്‍ അഡ്വാന്‍സ് നല്‍കുന്നത്.

ഒന്നിച്ച് സിനിമകള്‍ ചെയ്ത് തുടങ്ങുമ്പോള്‍ തന്നെ ജയറാമുമായി വളരെ അടുപ്പമുള്ള സൗഹൃദം രൂപപ്പെട്ടു. കടിഞ്ഞൂല്‍ കല്യാണം ആയിരുന്നു ആദ്യ ചിത്രം. ആ ചിത്രം ചെയ്യുന്ന സമയത്ത് വളരെയേറെ പ്രതിസന്ധികളാണ് നേരിടേണ്ടിവന്നത്. എന്നിട്ടും കടിഞ്ഞൂല്‍ കല്യാണം അന്ന് ഹിറ്റായിരുന്നു. അതിന് പിന്നാലെ അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട് എന്നീ ചിത്രങ്ങള്‍ ഹിറ്റും സൂപ്പര്‍ ഹിറ്റുമായി. അതോടെയാണ് തുര്‍ന്നും ജയറാമിനൊപ്പം സിനിമകള്‍ ചെയ്യുന്നത്.

ഒരു ടീം വര്‍ക്കൗട്ടായാല്‍ പിന്നെ നമ്മള്‍ അതില്‍ പിന്ന് പുറത്ത്പോകാന്‍ ആഗ്രഹിക്കില്ല. ജയറാമുമായി എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു. അതിനും അപ്പുറത്ത് പരസ്പരം വളരെ സ്നേഹമുണ്ടായിരുന്നു. എല്ലാകൂടിയായപ്പോഴാണ് കൂടുതല്‍ സിനിമകള്‍ ജയറാമുമായി ചെയ്തത്. മനപ്പൂര്‍വ്വം മറ്റ് താരങ്ങളെ മാറ്റിനിത്തിയതല്ല. ഞാന്‍ ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളോട് കൂടുതല്‍ ചേര്‍ന്നുനിന്നത് ജയറാമായിരുന്നു.


ശരിക്കും പറഞ്ഞാല്‍ പരസ്പരം പ്രാണനെ പോലെ സ്‌നേഹിച്ച രണ്ടു സുഹൃത്തുക്കള്‍ ആയിരുന്നു. ഇപ്പോള്‍ അങ്ങനെ അല്ല. സുഹൃത്ബന്ധം നഷ്ടപ്പെടാതെ ഇരുന്നെങ്കില്‍ ഇപ്പോളും ചിത്രങ്ങള്‍ വന്നേനെ. ആ ബന്ധം പോയി അത് അങ്ങ് അകന്നുപോയി. വഴക്ക് കൂടാതെ, പരസ്പരം എന്തെങ്കിലും പറഞ്ഞു പരത്താതെ പിരിഞ്ഞു പോയ രണ്ടു സുഹൃത്തുക്കള്‍ ആണ് ഞങ്ങള്‍ രണ്ടാളും. വഴക്ക് ഇട്ടിരുന്നു എങ്കില്‍ അത് പറഞ്ഞു തീര്‍ക്കാമായിരുന്നു. വഴക്ക് ഇല്ല . പക്ഷെ പരസ്പരം മിണ്ടില്ല. ഓര്‍ക്കാന്‍ സുഖമുള്ള പന്ത്രണ്ട് വര്ഷം. വല്ലാത്ത ഒരു സ്‌നേഹം ആയിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്- അമ്മയും മകളും വേദിയില്‍ വച്ച രാജസേനന്‍ പറയുന്നു.

Related Posts

0 Comments

Leave a reply