നാലു ദിവസം കൊണ്ട് വേട്ടൈയ്യന്‍ നേടിയത് 240 കോടി
 



ചലച്ചിത്ര വ്യവസായത്തിന്റെ ദിശാസൂചികകളാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍. ഒരു സൂപ്പര്‍താരത്തിന്റെ ചിത്രം തിയറ്ററുകളിലെത്തിയാല്‍ അത് നേടുന്ന കളക്ഷന്‍ എത്രയെന്നത് നിര്‍മ്മാതാക്കള്‍ മാത്രം കൗതുകത്തോടെ ശ്രദ്ധിക്കുന്ന കാര്യമല്ല. മറിച്ച് പ്രേക്ഷകരും ചലച്ചിത്ര വ്യവസായം മൊത്തത്തിലും അത് നിരീക്ഷിക്കാറുണ്ട്. താരങ്ങളെ സംബന്ധിച്ച് ബോക്‌സ് ഓഫീസ് വിജയങ്ങള്‍ പ്രധാനവുമാണ്. ഇപ്പോഴിതാ ഏറ്റവും പുതിയ രജനികാന്ത് ചിത്രം വേട്ടൈയന്റെ കളക്ഷന്‍ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.


പത്താം തീയതി തിയറ്ററുകളിലെത്തിയ രജനികാന്ത് ചിത്രത്തിന്റെ സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ ആണ്. രജനിക്കൊപ്പം അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിങ്ങനെ താരനിര നീളുന്നു. ചിത്രത്തിന്റെ ആദ്യ വാരാന്ത്യ കളക്ഷന്‍ കണക്കുകള്‍ സംബന്ധിച്ച് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. നാല് ദിവസം കൊണ്ട് 150- 200 കോടി നേടി എന്നതായിരുന്നു ആ റിപ്പോര്‍ട്ടുകളില്‍. എന്നാല്‍ അഞ്ചാം ദിനമായ ഇന്ന് പുറത്തുവിടുന്ന കണക്കുകളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം അതിനേക്കാള്‍ നേടിയിട്ടുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.

നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ അറിയിക്കുന്നത് പ്രകാരം വേട്ടൈയന്‍ ഇതുവരെ നേടിയിരിക്കുന്നത് 240 കോടിയില്‍ അധികമാണ്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം എത്തിയിരിക്കുന്നത്. ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനികാന്തും അമിതാഭ് ബച്ചനും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.


 

Related Posts

0 Comments

Leave a reply