
കീര്‍ത്തി സുരേഷ് ചിത്രം 'സാനി കായിധം' (Saani Kaayidham) കുറേക്കാലം മുമ്പ് പ്രഖ്യാപിക്കപ്പെട്ടതാണ്. കീര്‍ത്തി സുരേഷിന്റെ ഒരു വേറിട്ട കഥാപാത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതുമാണ് 'സാനി കായിധം'. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. 'സാനി കായിധം' ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തിയേക്കും എന്ന സൂചനകളാണ് കീര്‍ത്തി സുരേഷ് പങ്കുവെച്ച ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നത്.
'സാനി കായിധം' ഡബ്ബിംഗ് പൂര്‍ത്തിയായതൊക്കെ നേരത്തെ കീര്‍ത്തി സുരഷ് അറിയിച്ചിരുന്നു. 'സാനി കായിധ'ത്തിലെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ് ഇപ്പോള്‍. വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്ന് ഫോട്ടോയില്‍ നിന്നും മനസ്സിലാക്കാം. ശെല്‍വരാഘവന്റെയും ഒരു ഫോട്ടോ പങ്കുവെച്ച് 'സാനി കായിധം' ലോഡിംഗ് എന്നാണ് കീര്‍ത്തി സുരേഷ് എഴുതിയിരിക്കുന്നത്.
സംവിധായകന്‍ സെല്‍വരാഘവന് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്. സെല്‍വരാഘവന്റെ സഹോദരിയായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'കീര്‍ത്തി സുരേഷ് ചിത്രം 1980കളിലെ ഒരു ആക്ഷന്‍-ഡ്രാമയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. വ്യത്യസ്തമായ മേക്കോവറില്‍ ആണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷും സെല്‍വരാഘവനും അഭിനയിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അരുണ്‍ മാത്തേശ്വരന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ റിലീസ് വൈകാതെ പ്രഖ്യാപിക്കും എന്നാണ് സൂചനകള്‍.