
മോഹന്‍ലാലിന്റെ ഫുള്‍ എനര്‍ജിയിലുള്ള മാസ് പ്രകടനമാണ് 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി'ന്റെ ഹൈലൈറ്റ്.
അക്ഷരാര്‍ഥത്തില്‍ തിയറ്ററുകളില്‍ മോഹന്‍ലാലിന്റെ 'ആറാട്ടാ'ണ്. 'നെയ്യാറ്റിന്‍കര ഗോപനാ'യി മോഹന്‍ലാല്‍ തിമിര്‍ത്താടിയിരിക്കുന്നു. ഒരു കംപ്ലീറ്റ് മോഹന്‍ലാല്‍ ഷോയാണ് 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്'. മോഹന്‍ലാല്‍ ആരാധകര്‍ക്ക് തിയറ്ററുകളില്‍ ആഘോഷമാക്കാന്‍ പോന്ന എല്ലാ ചേരുവകളും ചേര്‍ത്താണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' (Aaraattu movie review) തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ ഫുള്‍ എനര്‍ജിയില്‍ കാണാനാകുന്നുവെന്നത് തന്നെയാണ് 'ആറാട്ടി'ന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്‍ട്രോ രംഗം തൊട്ട് മോഹന്‍ലാല്‍ വിളയാട്ടായി മാറുന്നു ചിത്രം. 'ആറാട്ട്' എന്ന ചിത്രം എന്തായിരിക്കും എന്ന് മോഹന്‍ലാലിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ തന്നെ സംവിധായകന്‍ പറഞ്ഞുവയ്ക്കുന്നു. ഷോ കഴിഞ്ഞാല്‍ സംസാരിക്കാം എന്നാണ് 'നെയ്യാറ്റിന്‍കര ഗോപ'നോട് മറ്റൊരു കഥാപാത്രം പറയുന്നതുപോലും.
യുക്തിക്ക് അല്ല ചിത്രത്തില്‍ പ്രാധാന്യം എന്നത് എടുത്തുപറയേണ്ട കാര്യമല്ല. തിയറ്ററുകളിലെ ആഘോഷം മാത്രം മുന്നില്‍ക്കണ്ടിട്ടുള്ളതാണ് ചിത്രം. മലയാളത്തിന്റെ മാസ് ചിത്രങ്ങളില്‍ ഒന്നായി മാറുകയും ചെയ്യും. തിയറ്ററുകളിലെ ആര്‍പ്പുവിളികള്‍ക്കായിട്ടുള്ളതാണ് മോഹന്‍ലാലിന്റെ 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്'.
തിയറ്ററുകളില്‍ ഉത്സവാന്തരീക്ഷം ആഗ്രഹിക്കുന്ന ആരാധകര്‍ പ്രതീക്ഷിച്ചേക്കാവുന്ന ചേരുവകള്‍ ചിത്രത്തിലുടനീളമുണ്ട്. മോഹന്‍ലാലിന്റെ പഴയ സിനിമകളുടെ റെഫറന്‍സുകളും ആരാധകരെ ആവേശത്തിലാക്കും. കോമഡിക്കായി എഴുത്തുകാരന്‍ കൂട്ടുപിടിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ചിത്രങ്ങളുടെ റെഫറന്‍സാണ്. തെല്ലൊന്നു ട്രോളുന്ന തരത്തില്‍ വരെ റെഫെറന്‍സുകള്‍ കടന്നുവരുന്നു. കോമഡിയിലും ആക്ഷനിലുമെല്ലാം പഴയ താളം വീണ്ടെടുക്കുന്ന മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. മോഹന്‍ലാല്‍ ആക്ഷന്‍ രംഗങ്ങളില്‍ യുവത്വത്തിന്റെ എനര്‍ജിയോടെ ആരാധകനെ ആവേശത്തിലാക്കുന്നു.
'ആറാട്ടി'ലെ കോമഡി രംഗങ്ങളിലും മോഹന്‍ലാലിന്റെ ടൈമിംഗും കുസൃതികളും വര്‍ക്ക് ഔട്ടാകുന്നുവെന്നതാണ് തിയറ്റര്‍ അനുഭവം. സ്‌റ്റൈലിഷായി മോഹന്‍ലാല്‍ ചിത്രത്തില്‍ ആരാധകര്‍ക്ക് കാഴ്ചാനുഭവമാകുന്നു. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി'ല്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരിക്കുന്ന മറ്റൊരു താരം സിദ്ദിഖാണ്. രസികത്തമുള്ള മാനറിസങ്ങളിലൂടെ സിദ്ദിഖ് ചിരിപ്പിക്കുന്നു. മണ്ടത്തരം വിളമ്പുന്ന കഥാപാത്രമായി ജോണി ആന്റണിയും ചിരിക്ക് വക നല്‍കുന്നു. അന്തരിച്ച നെടുമുടി വേണും കോട്ടയം പ്രദീപും ചിത്രത്തില്‍ ചെറു വേഷങ്ങളിലുണ്ട്. രചന നാരായണന്‍കുട്ടി, കോട്ടയം രമേശ്, അശ്വിന്‍, വിജയരാഘവന്‍, ലുക്മാന്‍, സായ് കുമാര്‍, കൊച്ചു പ്രേമന്‍, നന്ദു തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
'ആറാട്ടി'ന്റെ മാസ് തിയറ്റര്‍ അനുഭവം മുന്നില്‍ക്കണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ആഖ്യാനം രൂപപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ മാസ് ആയി അവതരിപ്പിക്കാനാണ് സംവിധായകന്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന കൗഡ് പുള്ളര്‍ ആക്ടര്‍ക്ക് ആവോളം സ്വാതന്ത്ര്യം നല്‍കുന്ന തരത്തിലാണ് അത്. മോഹന്‍ലാല്‍ ആരാധകരെ ഏറ്റുപറയാന്‍ പ്രേരിപ്പിക്കും വിധമുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉദയ് കൃഷ്ണ തിരക്കഥ എഴുതിയിരിക്കുന്നത്.