
ഇരുപത്തഞ്ചിന്റെ നിറവില്‍ 'ഇരുവര്‍';
ഓര്‍മ്മകള്‍ പങ്കുവച്ച് മോഹന്‍ലാല്‍
കാലങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് പ്രേക്ഷകന്റെ മനസ്സില്‍ സ്ഥാനം ഉറപ്പിച്ച സിനിമകളില്‍ ഒന്നാണ് ഇരുവര്‍. എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം ബിഗ് സ്‌ക്രീനില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ സിനിമലോകത്ത് പിറന്നത് എവര്‍ഗ്രീന്‍ ചിത്രമായിരുന്നു. മോഹന്‍ലാല്‍, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിങ്ങനെ വന്‍ താര നിര അണിനിരന്ന ചിത്രം കൂടിയായിരുന്നു ഇത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ പിറന്നിട്ട് ഇന്നേയ്ക്ക് 25 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ അവസരത്തില്‍ മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധനേടുന്നു.
''ഇരുവര്‍, എന്റെ സിനിമാ യാത്രയിലെ ഏറ്റവും ആകര്‍ഷകമായ അനുഭവങ്ങളിലൊന്ന്,'' എന്നാണ് മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ഒപ്പം ഏതാനും സ്റ്റില്ലുകളും മോഹന്‍ലാല്‍ പങ്കുവച്ചു. പിന്നാലെ നിരവധി പേരാണ് ആശംസയുമായി രംഗത്തെത്തിയത്.
മോഹന്‍ലാല്‍ എംജിആര്‍ ആയി എത്തിയപ്പോള്‍ കരുണാനിധിയായി എത്തിയത് പ്രകാശ് രാജായിരുന്നു. അസാമാന്യ പ്രകടനമായിരുന്നു ഇരുവരും ചിത്രത്തില്‍ കാഴ്ചവെച്ചത്. ആനന്ദനായി മോഹന്‍ലാലും തമിഴ് സെല്‍വനായി പ്രകാശ് രാജും അരങ്ങ് തകര്‍ത്തപ്പോള്‍ ജയലളിതയായി എത്തിയത് ഐശ്വര്യ റായ് ആയിരുന്നു. താരത്തിന്റെ തെന്നിന്ത്യയിലേയ്ക്കുളള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ഐശ്യര്യയ്‌ക്കൊപ്പം നാസറും ഗൗതമിയും രേവതിയും താബുവുമെല്ലാം ചിത്രത്തില്‍ നിറഞ്ഞു നിന്നു. ചിത്രം പുറത്തിറങ്ങി 25 വര്‍ഷം പിന്നിടുമ്പോഴും സിനിമ പ്രേമികളുടെ മനസ്സില്‍ ഇരുവര്‍ ഇന്നും ഒരു ക്ലാസിക്കല്‍ ഓര്‍മയാണ്.