കുവൈത്ത് സിറ്റി: റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരെ അവിടെ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള ക്യാമ്പയിന്‍ തുടര്‍ന്ന് ബാച്ചിലേഴ്‌സ് കമ്മറ്റി നിലവില്‍ വന്നു. ഫാമിലി റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചാണ് ബാച്ചിലേഴ്‌സ് കമ്മിറ്റി പ്രവര്‍ത്തനം തുടരുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ നൂറിലധികം ഇത്തരം സ്ഥലങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന്റെ ജുഡീഷ്യല്‍ കണ്‍ട്രോള്‍ ടീം ഡെപ്യൂട്ടി ഹെഡ് അഹ്മദ് അല്‍ ഷമ്മാരി വിശദമാക്കി. എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് ആഭ്യന്തര മന്ത്രാലയവും കുവൈത്ത് മുനിസിപ്പാലിറ്റിയും മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. വിതരണ ശൃംഖല മേഖലയുമായി ഏകോപിപ്പിച്ച് കൊണ്ട് നടത്തിയ പരിശോധനകളില്‍, കുടുംബങ്ങള്‍ക്ക് സുരക്ഷ, ആരോഗ്യം, സാമൂഹിക ഭീഷണി എന്നിവ ഉയര്‍ത്തുന്ന നിരവധി വിഷയങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പൗരന്മാര്‍ ഇവയില്‍ പലതും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു പരിശോധനയെന്നും അല്‍ ഷമ്മാരി കൂട്ടിച്ചേര്‍ത്തു.
അതേസമയം കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം സുലൈബിയയിലെ ഫാം ഏരിയകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 142 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ മൂന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷനാണ് പരിശോധന നടത്തിയത്. മറ്റ് വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ പാലിക്കാത്തവരെയും ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഇവിടെവെച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കുകയുമാണ് ചെയ്യുന്നത്.