എസ്ബിഐ ഹ്രസ്വകാല സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തി
മുംബൈ:സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ. ശനിയാഴ്ചയാണ് ഹസ്വകാല എഫ്ഡികള്‍ക്ക് ബാങ്ക് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. 10 ബേസിസ് പോയിന്റുകളുടെ വര്‍ധനയാണ് സ്ഥിരനിക്ഷേപ പലിശയില്‍ വരുത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പുതുക്കിയത്. നിലവില്‍ അഞ്ച് ശതമാനം പലിശ ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്ക് ഇനി 5.1 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭിക്കുന്ന പലിശ 5.50 ശതമാനത്തില്‍ നിന്ന് 5.60 ശതമാനമായി ഉയരും.
ഏഴു ദിവസം മുതല്‍ 45 ദിവസങ്ങള്‍ വരെയുള്ള സ്ഥിരനിക്ഷേപത്തിന് 2.90 ശതമാനം പലിശയാണ് എസ്ബിഐ നല്‍കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 3.40 ശതമാനമാണ് പലിശ. ഈ നിരക്കുകളില്‍ മാറ്റമില്ല. 46 ദിവസം മുതല്‍ 179 ദിവസങ്ങള്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.90 ശതമാനം, 4.40 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. 180 ദിവസം മുതല്‍ 210 ദിവസങ്ങള്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.40 ശതമാനം പലിശയാണ് നല്‍കുന്നത്. 211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.40 ശതമാനം മുല്‍ 4.90 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് അധിക പലിശ ലഭ്യമാണ്.
2022 ജനുവരി 15 മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അതേസമയം അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപ പലിശയില്‍ മാറ്റമില്ല. 5.40 ശതമാനം മുതല്‍ നിക്ഷേപങ്ങള്‍ക്ക് 6.20 ശതമാനം നിരക്കാണ് ലഭിക്കുക. സാധാരണ പൗരന്‍മാര്‍ക്ക് 5.40 ശതമാനം വരെ പലിശ നിരക്കാണ് പരമാവധി ലഭിക്കുക. ബാങ്കുകള്‍ എല്ലാം പതിയ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിക്ഷേപകര്‍ക്ക് സ്ഥിരനിക്ഷേപങ്ങളില്‍ നിന്ന് കുറഞ്ഞ പലിശയാണ് ലഭിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് ഉള്‍പ്പെടെ അടുത്തിടെ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.